
ന്യൂഡൽഹി: ഭ്രൂണലിംഗ നിർണ്ണയ നിരോധന (പി.സി.പി.എൻ.ഡി.ടി) നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ പോലീസിന് സ്വതന്ത്രമായി അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കോടതികൾക്ക് ഈ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനോ നടപടികൾ സ്വീകരിക്കാനോ കഴിയില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
നിയമപ്രകാരം രൂപീകരിച്ച 'അപ്പ്രോപ്രിയേറ്റ് അതോറിറ്റി'ക്ക് (Appropriate Authority) മാത്രമാണ് അന്വേഷണത്തിനും തുടർനടപടികൾക്കും പൂർണ്ണ അധികാരമുള്ളത്. പി.സി.പി.എൻ.ഡി.ടി നിയമലംഘനം നടന്നു എന്ന് സംശയം തോന്നിയാൽ പോലീസ് വിഷയം ഉടനടി ഈ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടത്. ഇതിൽ പോലീസിന് സ്വയം അന്വേഷണ ചുമതല ഏറ്റെടുക്കാനാകില്ല.
യു.പി സർക്കാരും ഡോ. ബ്രിജ് പാൽ സിംഗും തമ്മിലുള്ള കേസിൽ (State of UP v. Dr. Brij Pal Singh) ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് നിർണ്ണായക വിധി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ പുനഃപരിശോധന നടത്താനായി കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.










